മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?


ഈയിടെയായി, പ്രത്യേകിച്ച് "ഞാന്‍ പ്രകാശന്‍" എന്ന സിനിമ ഈറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു സംവാദമാണ് മോഹന്‍ലാലാണോ അതോ ഫഹദ് ഫാസിലാണോ മികച്ച നടന്‍ എന്നത്. സത്യത്തില്‍ ഈ ഒരു താരതമ്യത്തിന് എന്തര്‍ത്ഥമാണുളളത്? ഒരു വ്യക്തിയും മറ്റൊരു വ്യക്തിയ്ക്ക് പകരമാവുന്നില്ല എന്നതാണ് സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം, താരതമ്യപ്പെടുത്താന്‍ "അഭിനയശേഷി" ഒരു അളക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു നടന്റെ പ്രകടനത്തിന്റെ മികവ് എപ്പോഴും മാറിക്കൊണ്ടിരിയ്ക്കും. ചെയ്യുന്ന കഥാപാത്രം, ചെയ്യിപ്പിയ്ക്കുന്ന സംവിധായകന്റെ കഴിവ്, തിരക്കഥയുടെ മികവ്, നടന്റെ മാനസികാവസ്ഥ ഇതെല്ലാം ഒരാളുടെ പ്രകടനത്തിനെ ബാധിച്ചുകൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഇന്ന് മോശമായി അഭിനയിയ്ക്കുന്ന നടന്‍ നാളെ നന്നായി അഭിനയിച്ചു എന്നു വരാം. അല്ലെങ്കില്‍ പിന്നെ എല്ലാവര്‍ഷവും ഒരേ വ്യക്തിയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കൊടുത്താല്‍ മതിയല്ലോ? ഏഷ്യാനെറ്റ് അവാര്‍ഡ്‌സിലൊഴിച്ച് അഭിനമികവിന് പുരസ്‌കാരം കൊടുക്കുന്ന ഒരു അവാര്‍ഡ് ചടങ്ങിലും തന്നെ അങ്ങനെ സംഭിവിയ്ക്കുന്നില്ല എന്നതുകൊണ്ടുതന്നെ അത് സത്യമാണെന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാ ജൂറികളും ഒരു പ്രത്യേക കാലഘട്ടത്തിലെ മികച്ച പ്രകടനത്തെയാണ് തിരഞ്ഞെടുക്കുന്നത് അല്ലാതെ മികച്ച അഭിനയശേഷിയുളള നടനെയല്ല ആദരിയ്ക്കുന്നത്. യേശുദാസ് സമാനതകളില്ലാത്ത മികച്ച ഗായകന്‍ തന്നെയാണ്. എന്ന് കരുതി എല്ലാവര്‍ഷവും എറ്റവും നല്ല ഗായകനുളള പുരസ്‌കാരം അദ്ദേഹം നേടുന്നില്ലല്ലോ? അതുപോലെത്തന്നെയാണ് ഇവിടേയും.

തന്റെ അഭിനയശേഷി എത്രത്തോളം പ്രകടമാക്കി എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാള്‍ മികച്ച നടനാണോ അല്ലയോ എന്നത് തീരുമാനിയ്ക്കുന്നത്. അപ്രകാരം മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ തന്നെയാണ്. ഒരു സിനിമ നടന്‍ എന്ന നിലയ്ക്ക് അതിന്റെ എല്ലാതലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ച്ചു എന്നതാണ് അദ്ദേഹത്തെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. കഴിവും ഭാഗ്യവും ഒരുപോലെ കടാക്ഷിച്ച ഒരു അഭിനയതാവാണ് മോഹന്‍ലാല്‍. അഭിനസാദ്ധ്യതയും ജനപ്രീതിയും ഉറപ്പുനല്‍കുന്ന തരത്തിലുളള ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് കിട്ടി. തനിയ്ക്കു വന്നു ചേര്‍ന്ന കഥാപാത്രങ്ങളെ അയാള്‍ തന്റെ ശേഷികൊണ്ട് മറ്റൊരു തലത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്തു. അങ്ങനെ മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ പ്രേക്ഷരുടെ മനസ്സില്‍ ഇടം പിടിച്ചു.

ഇനി ഫഹദ് ഫാസില്‍ എന്ന നടന്റെ കാര്യം എടുക്കാം. യാതൊരുവിധ കെട്ടുമാറാപ്പുകളുമില്ലാതെ സിനിമ രംഗത്തേയ്ക്ക് കടന്നു വന്ന വ്യക്തിയാണദ്ദേഹം. അഭിനയം മാത്രമായിരുന്നു അയാളുടെ കൈമുതല്‍. ആദ്യവരവ് പിഴച്ചു. പിന്നീട് ഗംഭീരമായി തിരിച്ചുവന്നെങ്കിലും ഒരു ഘട്ടത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞു. എന്നാല്‍ മൂന്നാംമുറ വിജയം കണ്ടു. മഹേഷിന്റെ പ്രതികാരത്തിലൂടെ തന്റെ അഭിനയ സാമര്‍ത്ഥ്യം അതിയാന്‍ തെളിയിച്ചുകളഞ്ഞു.ഇത്രയും യുവതാരങ്ങളുണ്ടായിട്ടും മോഹന്‍ലാലുമായി അഭിനയത്തില്‍ താരതമ്യം ചെയ്യപ്പെടുന്നു എന്നതുതന്നെ അദ്ദേഹത്തിന്റെ വിജയമാണ്. തന്നിലേല്‍പ്പിയ്ക്കുന്ന കഥാപാത്രങ്ങളെ അസാമാന്യമായ അഭിനയ പാഠവത്തോടെ മികവുറ്റതാക്കാന്‍ ഫഹദിന് ഇന്ന് സാധിയ്ക്കുന്നു.

ഏതൊരു മത്സരത്തിനും അതിന്റേതായ നിബന്ധനകള്‍ ഉണ്ടാവും. അത്തരം അളവുകോലുകള്‍ക്കിടയിലാണ് മത്സരാര്‍ത്ഥികള്‍ തമ്മിലുളള താരതമ്യം നടക്കുക. എന്നാല്‍ മോഹന്‍ലാലും ഫഹദും തമ്മിലുളള താരതമ്യത്തില്‍ അതു ഒട്ടും തന്നെ പാലിയ്ക്കപ്പെടുന്നില്ല. മോഹന്‍ലാല്‍ തന്റെ 41-ാമത്തെ സിനിമ വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. എന്നാല്‍ ഫഹദ് സിനിമയില്‍ വന്നിട്ട് 17 വര്‍ഷം തികയുന്നതെയുളളു. ഒരാളെ, തന്റെ ഇരട്ടിയിലധികം സമയവും അവസരങ്ങളും പലിശീലനത്തിനുളള സാധ്യതകളും ലഭിച്ച മറ്റൊരാളുമായി താരതമ്യം ചെയ്യുന്നതെങ്ങനെയാണ്? താരതമ്യം ചെയ്യുന്നതു തന്നെ ബുദ്ധിശൂന്യതയാണെന്നിരിയ്‌ക്കെ തന്നേക്കാള്‍ വളരെയേറെ സീനിയറായ ഒരാളുമായി ഫഹദിനെ അളക്കുന്നതു തികച്ചും നിര്‍ഭാഗ്യകരമായ ഒരുകാര്യമാണ്. ഫഹദ് മോഹന്‍ലാലിനെപ്പോലെ ഒരിയ്ക്കലും ആകിലെന്നു ഇപ്പോഴെ വിധിയെഴുതുന്നവരെ സോഷ്യല്‍മീഡിയയില്‍ ധാരാളം കാണാം. അന്ധമായ താരാരാധനയല്ലാതെ ഇതിനുപിന്നില്‍ മറ്റെന്താണ്. ഒന്നുമില്ലെങ്കിലും മഞ്ഞില്‍ വിരിഞ്ഞ സിനിമയിലും അതിനുശേഷവും പ്രേക്ഷകരെ വില്ലന്‍ വേഷങ്ങള്‍ ചെയ്തു അലോസരപ്പെടുത്തിയ മോഹന്‍ലാല്‍ ഇന്നു എവര്‍ക്കും കണ്ണിലുണ്ണിയായ ചരിത്രവും മലയാള സിനിമയ്ക്കില്ലേ?. അതുകൊണ്ടുതന്നെ സിനിമയില്‍ മുന്‍വിധികള്‍ക്കൊന്നും യാതൊരുവിധ സ്ഥാനവുമില്ല.തന്റെ അഭിനയ ശേഷികൊണ്ട് അതിന് സാധ്യതയുളള നടന്‍ തന്നെയാണ് ഫഹദ് ഫാസില്‍.

ഇത്രയേറെ തെളിയിച്ച മോഹന്‍ലാലിനും മമ്മുട്ടിയ്ക്കും വരെ ഇന്നു മികച്ച വേഷങ്ങള്‍ ലഭിയ്ക്കുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളം മാത്രം. അത്രയ്ക്കുണ്ട് മലയാള സിനിമയില്‍ ആശയദാരിദ്ര്യം. അത്തരമൊരു സാഹചരത്തില്‍ പുതുമുഖതാരങ്ങളെ ഇകഴ്ത്തിയിട്ടെന്തു കാര്യം? മോഹന്‍ലാലും മമ്മുട്ടിയും വരെ ഇന്നു നിലനില്‍ക്കുന്നത് അവര്‍ അവരുടെ നല്ലകാലത്തില്‍ സൃഷ്ടിച്ചെടുത്ത ശക്തമായ അടിത്തറകൊണ്ടാണ് അല്ലാതെ ഇന്നത്തെ മികവുറ്റ പ്രകടനങ്ങള്‍കൊണ്ടല്ല. പക്ഷേ മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ അവര്‍ നന്നായി ചെയ്യുന്നുണ്ടുതാനും. അത് വിസ്മരിയ്ക്കുന്നില്ല. എന്നാല്‍ അതു ഫഹദിനെപ്പോലുളള പുതുമുഖ അഭിനയതാക്കളും ചെയ്യുന്നുണ്ട്. ഇന്നും ഒരു കാര്യം ശ്രദ്ധിച്ചാല്‍ വളരെ രസകരമായി തോന്നും. മോഹന്‍ലാലിനെ സ്‌നേഹിയ്ക്കുന്ന ഭൂരിഭാഗം പ്രേക്ഷകരും അറിഞ്ഞും അറിയാതെയും പ്രതീക്ഷിയ്ക്കുന്നത് അദ്ദേഹത്തിന്റെ ചില പഴയ കാലവേഷങ്ങള്‍ പോലുളളതാണ്. ഒരു കുടുംബചിത്രം കാണുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത് മിഥുനത്തിലേയോ സന്മനസ്സുളളവര്‍ക്കു സമാധാനത്തിലേയോ ലാലേട്ടനെയാണ്. ഒരു ആക്ഷന്‍ സിനിമ കാണുമ്പോള്‍ എല്ലാവരും പ്രതീക്ഷിയ്ക്കുന്നത് ഒരു നീലകണ്ഠനേയോ അല്ലെങ്കില്‍ വിന്‍സന്റ് ഗോമസിനെ പോലുളളതോ ആയ കഥാപാത്രങ്ങളെ തന്നെയാണ്. ജയക്ൃഷ്ണനും സോളമനുമെല്ലാം ഇന്ന് മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് ഇപ്പോഴും കിട്ടാകനികളായി തുടരുകയാണ്. എന്നാല്‍ അത്തരത്തിലുളള കഥാപാത്രങ്ങള്‍ വന്നാല്‍ മോഹന്‍ലാല്‍ അവിസ്മരണീയമാക്കും എന്നതില്‍ ഒട്ടും തര്‍ക്കമില്ല എന്നും ഇവിടെ പറയട്ടെ. പക്ഷേ ഇന്നത്തെ സാഹചര്യം വെച്ച് ഒരുപാട് കഴിവുളള തിരക്കഥാകൃത്തുകളും സംവിധായകരും അതിനായി ഇനിയും മലയാള സിനിമയിലേയ്ക്ക് വരേണ്ടിയിരിയ്ക്കുന്നു. അതിന് നൂറു ദിവസം തീയറ്ററിലോടുന്ന ഊതിവീര്‍പ്പിച്ച ചിത്രങ്ങളേക്കാള്‍ കഥയിലെ കരുത്തുകൊണ്ട് നൂറുദിവസം പ്രേക്ഷകരുടെ മനസ്സിലോടുന്ന ചിത്രങ്ങള്‍ ഉണ്ടാവണം. അത് സാധ്യമാകുമോ എന്നുളളതായിരിയ്ക്കും മലയാളസിനിമയുടെ ഭാവിയെ തീരുമാനിയ്ക്കുന്നത്.

ഒരിയ്ക്കലും മോഹന്‍ലാലാവില്ല ഫഹദ്ഫാസില്‍. കാരണം രണ്ട് പേരും തങ്ങളുടേതായ രീതികളില്‍ അഭിനയം കാഴ്ചവെയ്ക്കുന്ന രണ്ട് അതുല്യപ്രതിഭകളാണ്. അത് അങ്ങിനെത്തന്നെയാണ് വേണ്ടതും. വ്യത്യസ്തമായ ചേരുവകള്‍ ചേരുമ്പോഴാണല്ലോ നമുക്ക് സ്വാദിഷ്ടമായ വിവിധങ്ങളായ വിഭവങ്ങള്‍ ലഭിയ്ക്കുന്നത്.

Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....