ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???



ഈ ഒടിയന്‍ കോലാഹലങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസവും അതിനുമുന്‍പും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ മനസ്സില്‍ ഉണ്ടായ ഒരു ചോദ്യമാണിത്. സത്യസന്ദമായി ആലോചിച്ചപ്പോള്‍ അല്ല എന്നു തന്നെയാണ് ഉത്തരം കിട്ടിയത്. ഒരു പരസ്യചിത്രം എന്നു പറയുന്നത് ഒരു പ്രോഡക്ട് വില്‍ക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെ അതിന് ചില നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. അത് ആരെ ഉദ്ദേശിച്ചാണോ മാര്‍ക്കറ്റില്‍ ഇറക്കുന്നത് അതു അവരെകൊണ്ട് വാങ്ങിപ്പിയ്്ക്കുക എന്നതാണ് ഏതൊരു പരസ്യ സംവിധായകന്റേയും ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ കച്ചവടം കൂട്ടുക എന്നതില്‍ കവിഞ്ഞ്, കലാപരമായ ഒരു പ്രതിബദ്ധതയും പരസ്യ ചിത്രങ്ങള്‍ക്കില്ല.

എന്നാല്‍, ഒരു സിനിമ അങ്ങനെയല്ല. ആത്യന്തികമായി അതൊരു കലാ സൃഷ്ടിയാണ്. ഒരു കലാ സൃഷ്ടിയുടെ ലക്ഷ്യം എന്നു പറയുന്നത് അത് കാണുന്ന ആളെ രസിപ്പിച്ച് അയാള്‍ക്ക് നല്ലൊരു അനുഭവം പ്രദാനം ചെയ്യുക എന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ ഇന്ന് ഒരു വ്യവസായം കൂടിയാണ് എന്ന കാര്യം വിസ്മരിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായ നേട്ടം പ്രധാനവുമാണ്. പക്ഷേ അത് നേടിയെടുക്കേണ്ടത് നല്ലൊരു സൃഷ്ടി പ്രേക്ഷകര്‍ക്ക് കൊടുത്തുകൊണ്ടാണ്. മികച്ച ഒരു കലാസൃഷ്ടി ആസ്വദിയ്ക്കുന്നതിന് പ്രേക്ഷകന്‍ കൊടുക്കുന്ന പണമായിരിയ്ക്കും നല്ലൊരു സിനിമയെ സംബന്ധിച്ച് സാമ്പത്തിക വിജയം നേടിക്കൊടുക്കുന്നത്.

വ്യക്തിപരമായി അധിക്ഷേപിയ്ക്കാനല്ല ഈ പോസ്റ്റിടുന്നത്. പക്ഷേ ചില കാര്യങ്ങള്‍ പരാമര്‍ശിയ്ക്കാതെ വയ്യ. ശ്രീകുമാര്‍ മേനോന്‍ ഒരു മികച്ച മാര്‍ക്കറ്റിംഗ് വിദഗ്ദ്ധനാണ് എന്നതില്‍ തര്‍ക്കമില്ല. ഒടിയനു വേണ്ടി കനത്ത രീതിയില്‍ തന്നെ മാര്‍ക്കറ്റിംഗ് (സോഷ്യല്‍ മീഡിയയിലും അല്ലാതെയും) ചെയ്യുന്നുണ്ടെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിയ്ക്കുന്നുമുണ്ട്. അതിന് താനിത്രയും കാലം പഠിച്ച അല്ലെങ്കില്‍ പയറ്റിയ അഡ്വര്‍ടൈസിംഗ് ടാക്റ്റിക്‌സെല്ലാം അതിയാന്‍ ഉപയോഗിയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തികച്ചും ഒരു പ്രോഡക്ട് ആയാണ് അദ്ദേഹം സിനിമയെ കാണുന്നത്. അവിടെയാണ് പ്രശ്‌നം. ഒരു പരസ്യസംവിധായകന്റെ മേലങ്കി അണിഞ്ഞു സിനിമയെ സമീപിയ്ക്കുമ്പോള്‍ തെറ്റുന്നത് ആ ഒരു കലാരൂപത്തിന്റെ സമവാക്യങ്ങളാണ്. താന്‍ പ്രതിനിധീകരിയ്ക്കുന്ന ഉത്പന്നം നല്ലതല്ലെങ്കിലും ഒരു പരസ്യ സംവിധായകന്‍ അതിനെ പരമാവധി പ്രമോട്ട് ചെയ്യും. പരസ്യമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ആള്‍ എന്ന നിലയ്ക്ക് അതുതന്നെയാണ് അയാളുടെ ധര്‍മ്മവും. സിനിമയ്ക്കതു ചേരില്ല. ഒന്നാമത്തെ കാര്യം സിനിമ ഒരു കച്ചവട വസ്തുവല്ല. അത് പണം കൊയ്യാനുളള ഒരു മേഖല അല്ല ( ഇന്നങ്ങനെയാണെങ്കിലും).

പ്രേക്ഷകരെ ഒരിയ്ക്കലും ഉപഭോക്താക്കളായി കാണാന്‍ കഴിയില്ല. അങ്ങനെ കാണുമ്പോഴാണ് അമിതമായ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. ഇവിടെ ഒടിയനു സംഭവിച്ചതും മറ്റൊന്നല്ല. "കോടി ക്ലബില്‍" ഇടം നേടാന്‍ ഉള്ള വ്യഗ്രതയില്‍ സിനിമയ്ക്ക് വല്ലാതെ ഹൈപ്പു കൊടുത്തു. അതിനാല്‍തന്നെ "കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ഒടിയനെന്ന സത്യം" എന്നൊക്കെ കരുതിയവര്‍ നിരാശപ്പെട്ടു.ഒടിയനൊരു മോശം ചിത്രമൊന്നുമല്ല. പക്ഷേ മാര്‍ക്കറ്റിംഗ് ലക്ഷ്യങ്ങള്‍ കാരണം കുത്തിക്കേറ്റിയ ചില കാര്യങ്ങള്‍ പടത്തിന് പാരയായി. കൂട്ടത്തില്‍ സംവിധായകന്റെ ചില അവകാശ വാദങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ സംഗതി ആകെ അവതാളത്തിലായി. തിരക്കഥയെ മാറ്റി നിര്‍ത്തി പീറ്റര്‍ഹെയ്‌നെ പൂര്‍ണമായും ആശ്രയിച്ച് വിഭാവനം ചെയ്ത ക്ലൈമാക്‌സും ചിത്രത്തിന് പേരുദോഷമുണ്ടാക്കി.

എത്ര മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പയറ്റിയാലും സിനിമയെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ വിധിയെഴുതും. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു സിനിമ വരുന്നുണ്ട് എന്ന് പ്രേക്ഷരെ അറിയിയ്ക്കുക എന്നതിലുപരി മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന് സിനിമയില്‍ വലിയ പ്രാധാന്യമൊന്നുമില്ല. പരസ്യത്തിന്റെ സ്വാധീനം കൊണ്ട് ചിലപ്പോള്‍ ഒരു മോശം പ്രോഡക്ട് ആളുകള്‍ വാങ്ങി ഉപയോഗിയ്ക്കുന്നത് ശീലമാക്കാം. എന്നാല്‍ സിനിമ അങ്ങനെയല്ല. ഒരോ പ്രേക്ഷകനും തന്റെ ആദ്യ കാഴ്ചയില്‍ തന്നെ സിനിമയെ വിലയിരുത്തും. അവിടെ എല്ലാ ബില്‍ഡപ്പും തകര്‍ന്നടിയുക തന്നെ ചെയ്യും. സിനിമയുടെ വിജയം എന്ന് പറയുന്നത് ഒരിയ്ക്കലും നിര്‍വജിയ്ക്കാന്‍ പറ്റാത്തതാണ്. അത് ഓലപ്പടക്കം പോലെയാണ്. ഒട്ടും ശബ്ദമുണ്ടാക്കാതെ വന്നു വീഴുന്ന പല പടക്കങ്ങളും പിന്നീട് ഭീകരമായ രീതിയില്‍ പൊട്ടിത്തെറച്ചു കാണാറുണ്ട്. അതു പോലെതന്നെ വലിയ ശബ്ദമുണ്ടാക്കി ഭയങ്കര പ്രതീക്ഷ നല്‍കുന്ന പലതും ചീറ്റിപ്പോകാറുമുണ്ട്. സിനിമ എന്ന കലാരൂപത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകരെ സമീപിയ്ക്കുമ്പോള്‍ എല്ലാ സംവിധായകര്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അവിടെ നൂറു കോടി ക്ലബില്‍ ഇടനേടുന്നതിലല്ല മറിച്ച് നൂറ് കോടി ഹൃദയങ്ങള്‍ കീഴടക്കുന്നതിലാണ് കാര്യം.

Comments

Popular posts from this blog

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....