Google+ Followers

Friday, 2 September 2016

വിതച്ചതു കൊയ്യുമ്പോള്‍......


ഭൂരിപക്ഷം വിശ്വസിക്കുന്നത് എപ്പോഴും  സത്യമാവണമെന്നില്ല. പെട്ടന്നൊരു ദിവസം ഉണ്ടാവുന്ന വിവാദങ്ങളിലും കൊലാഹലങ്ങളിലും വികാരഭരിതരായി പലരും സത്യത്തെ തിരിച്ചറിയുന്നില്ല.

ശരിയാണ് തെരുവുനായകള്‍ ആളുകളെ കടിക്കുന്നുണ്ട്...കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ക്രുരമായി ആക്രമിക്കപ്പെടുന്നു.

ഈ ഭുലോകത്ത് മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലങ്ങളും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നില്ല. ഒരു സര്‍പ്പം അതിന്‍റെ ജീവരക്ഷക്കായി ഒരു മനുഷ്യനെ ആക്രമിക്കുന്നു. ഒരു സിംഹം ഇരപിടിക്കാന്‍ ഒരു മാനിനെ കൊല്ലുന്നു. കാട്ടാനക്കൂട്ടം തങ്ങളുടെ ആവാസ വ്യവസ്ഥ തകരുമ്പോള്‍ നാട്ടിലേക്കിറങ്ങുന്നു ( കാടു കയ്യേറുന്നതും നശിപ്പിക്കുന്നതും നമ്മള്‍ മനുഷ്യരാണെന്ന് ഓര്‍ക്കണം). തന്‍റെ മുന്നില്‍ കൈകൂപി നിന്നു അപേഷിച്ച മനുഷ്യനെ വിശപ്പു മാറിയതിനാല്‍ ആക്രമിക്കാതെ നിന്ന കടുവയേയും, കല്ലെറിഞ്ഞു കടുവയെ പ്രകോപിതനാക്കി, ആ മനുഷ്യന്‍റെ മരണത്തിനു കാരണമായ മനുഷ്യരേയും ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.പ്രത്യക്ഷത്തില്‍ ഇവയില്‍ എല്ലാം ക്രുരത ദ്രിശ്യമാകുമെങ്കിലും അവയിലെല്ലാം ന്യായീകരിക്കാവുന്ന ഒരു കാരണമുണ്ട്. എല്ലാം നിലനില്പിന്‍റെ ഭാകമായി നടന്ന പ്രവര്‍ത്തികളാണ്. അവയ്ക്ക് പ്രകൃതി വിധിച്ച പ്രകാരം അവ ജീവിക്കുന്നു.


എന്നാല്‍ മനുഷ്യനോ? ആവശ്യതിലുമതികം ജീവ ജലം നല്‍കിയിട്ടും മണലെടുത്തു പുഴയെ നശിപ്പിക്കുന്നു. തണലും തടിയും നല്‍കിയിട്ടും കാടുകള്‍ വെട്ടിനിരത്തുന്നു. കാലങ്ങളോളം തന്നെ തുണച്ച മാതാ പിതാക്കളെ വൃദ്ധസദനത്തിലാക്കുന്നു. തനിക്കു പേരും വിലാസവും പെരുമയും തന്ന നാടിനെ ഒറ്റിക്കൊടുക്കുന്നു. വിശപ്പിനു വേണ്ടി അല്ല പകരം ആടംബര ജീവതത്തിനു വേണ്ടിയാണു അവന്‍ മോഷ്ടിക്കുന്നത്. ആരുമറിയാതെ കളം വിട്ടുമാറിയിരുന്ന കള്ളന്മാര്‍ ഇന്ന് പഴങ്കഥയാണ്. മോഷണശ്രമങ്ങള്‍ അതിക്രൂരമായ കൊലപാതകങ്ങളില്‍ കലാശിക്കുന്നു. ഇങ്ങനെ പോകുന്നു മാനവചരിതങ്ങള്‍. എല്ലാം എനിക്ക് മാത്രം എന്ന അടങ്ങാത്ത ചിന്ത അവനെ കീഴടക്കിയിരിക്കുന്നു. അവന്‍ സ്വയം മറന്നിരിക്കുന്നു. സര്‍വോപരി മതമിളകിയ ഒരു മതയാനയേക്കാള്‍ അവന്‍ അപകടകാരിയായിരിക്കുന്നു.

ഇനി തെരുവുനായ ശല്യത്തിലേക്ക് തന്നെ തിരിച്ചു വരാം. വിഷയം ഇപ്പോ ചൂടപ്പം പോലെ വിറ്റഴിഞ്ഞു പോയികൊണ്ടിരിക്കുകയാണല്ലോ. എന്ത് കൊണ്ടാണ് ഇപ്പൊ ഈ പ്രശ്നം ഇത്ര രൂക്ഷമായിരിക്കുന്നത് ? എന്താ പണ്ട് തെരുവു നായ്കളില്ലേ? അതോ, ഇനി അവെരെങ്ങാനും പത്ര ദ്രിശ്യ മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കു വന്ന പ്രശസ്തിയെക്കുറിച്ച് അറിഞ്ഞുകാണുമോ? എന്നാ പിന്നെ കാര്യമായിട്ടങ്ങോട്ടു ആക്രമണം നടത്താം എന്ന് കമ്മിറ്റി കൂടി തീരുമാനിച്ചിരിക്കുമോ? കാര്യം വേറൊന്നുമല്ല. ഈ പത്രക്കാരും ദൃശ്യമാധ്യമങ്ങളും നാട് മുഴവന്‍ നടന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തേടി പിടിച്ചു റിപ്പോര്‍ട്ട്‌ ചെയ്യുകയാണ്. അവര്‍ക്കിതൊരു ‘SENSATIONAL NEWS’  ആണ്. പട്ടി കടിച്ചാലും ഇല്ലെങ്കിലും ഈ വിഷയം ഉണര്‍ത്തുന്ന ‘ഭീതി’ മാധ്യമങ്ങളെ നന്നായി സഹായിക്കുന്നു. വായനക്കാരെ പിടിച്ചിരുത്താനുള്ള ഒന്നാംതരം ഒരു വിഷയം. പലപ്പോഴും ഗുരുതരമായ പല പ്രശ്നങ്ങളുമാണ് മികച്ച കച്ചവട അവസരങ്ങള്‍ ഒരുക്കുന്നത്. മാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വരുന്ന പല പേരിലുള്ള പനികള്‍ നിങ്ങള്‍ക്ക് പരിചിതമാണല്ലോ. മരുന്ന് കമ്പനികളുടെ ഇടപെടലുണ്ട് ഇതില്‍ എന്ന പ്രസിദ്ധമായ ആരോപണം, ഇതിന്‍റെ കൂടെ ചേര്‍ത്തു വായിക്കേണ്ടതാണ്. തെരിവു നായ വിഷയത്തില്‍ അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ട് എന്ന് പറയാന്‍ കഴിയിലെങ്കിലും ‘PAID NEWS ‘ ന്‍റെ ഇക്കാലത്ത് അതും സംശയിക്കാം.

ഇനി തെരുവുനായകള്‍ കാര്യമായി തന്നെ ആക്രമണം നടത്തുനുണ്ട് എന്നു തന്നെ വയ്ക്കുക. ആരാണു ഇതിനുത്തരവാദി? നമ്മള്‍ മനുഷ്യരു തന്നെ ആണ് ഈ കഥയിലെ വില്ലന്മാര്‍. അനുകൂല സാഹചര്യമൊരുക്കി അവയ്ക്ക് സ്വതന്ത്രമായി സ്വച്ചന്തമായ് വിഹരിക്കാന്‍ നമ്മള്‍ തന്നെ അവസരം ഒരിക്കിയിരിക്കുന്നു. തെരുവ്നായ്കളിലതികവും ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായ്കളാണ്. കൂടാതെ മനുഷ്യ നിര്‍മിതമായ മാലിന്യ കൂമ്പാരങ്ങള്‍ ഇവക്കു വളരെ അതികം സഹായം ചെയ്യുന്നു. ഇവയില്‍ ഭുരിഭാഗവും ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങളും കൂടാതെ അറവു ശാല മാലിന്യങ്ങളുമാണ്. ഇവയെല്ലാം അനാവശ്യമായി പൊതു സ്ഥലങ്ങളില്‍ ഉപേക്ഷക്കുമ്പോള്‍ പലരും അറിയുന്നില്ല നമുടെ തെറ്റിന്‍റെ പരിണിത ഫലം കൂര്‍ത്ത പല്ലുകളും നഖങ്ങലുമായി നമ്മുടെ വേണ്ടപെട്ടവരെ തന്നെ തേടിയെത്തുന്നു എന്ന്.

പാവം മിണ്ടാപ്രാണികള്‍ക്ക് യാതൊരു വിധത്തിലുള്ള ഗൂഡ ലക്ഷ്യങ്ങളുമില്ല എന്നാല്‍ മനുഷ്യര്‍ പലപ്പോഴും അങ്ങനെ അല്ല.....
തെരുവുനായകളല്ല  യഥാര്‍ത്ഥ പ്രശ്നം മറിച്ച് മാലിന്യമാണ്. അതിന്റെ ഒരു ഉത്പന്നം മാത്രമാണ് തെരുനായ ശല്യം. കൂടുതല്‍ വിപത്തുക്കള്‍ കാലം നല്‍കുന്നതിനു മുന്‍പ്‌, പ്രായോകികമായ ഫലവത്തായ മാലിന്യ നിര്‍മാര്‍ജന രീതികള്‍ നമ്മള്‍ കൈകൊള്ളേണ്ടതുണ്ട്.


Saturday, 25 July 2015

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം


പഴഞ്ചൊല്ലുകള്‍ പറയാതെ പറഞ്ഞ ഒരു കഥയുണ്ട് , പ്രതിഭാശാലികളായ നമ്മുടെ പൂര്‍വികരുടെ കഥ. ചുറ്റുപാടുകളെ നിരീക്ഷിച്ചു  പരീക്ഷിച്ചു അറിവ് നേടിയവരുടെ കഥ. കുറുകിയ വാചകങ്ങള്‍ക്കപ്പുറം അവ രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്. സര്‍ഗശേഷിയുള്ള ഒരു തലമുറയുടെ ചരിത്രം. കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടപ്പെട്ട ഒരു ഉള്‍കാഴ്ചയുടെ നിത്യസ്മാരകങ്ങളായി അവ ഇന്നും നിലകൊള്ളുന്നു.

പഴഞ്ചൊല്ലുകള്‍ എവിടെ എപ്പോള്‍ തുടങ്ങി എന്നത് ചികഞ്ഞെടുക്കാനാവാത്ത ഒരു വസ്തുതയാണ്.അവ എന്നും സമകാലീനമായതുകൊണ്ട് അത്തരം അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലതാനും.നമുക്ക് നമ്മുടെ പൂര്‍വികര്‍ തന്ന വരദാനങ്ങളായിരുന്നു അവ. കാലങ്ങളായി മനുഷ്യരാശിയെ നന്മയിലേക്കു നയിക്കാനുള്ള വാമോഴികളായി അവ പ്രചരിച്ചു.എന്നാല്‍, തലമുറകളായി പരിപോഷിച്ചു വന്ന ആ നീരുറവ വറ്റിയതാണോ? കഴിഞ്ഞ ചില തലമുറകള്‍ക്കായി അവ ദാഹജലം ചുരത്തുന്നില്ലലോ? ഒരു പക്ഷേ അവ മണ്ണിന്നഗാത ഘര്‍ത്തങ്ങളില്‍ വിശ്രമം കൊള്ളുകയായിരിക്കാം.........

ഇത്തരം ഒരു തിരോദാനം എന്തിനെയാണ് സൂചിപ്പിക്കുന്നത്? അത് അന്യംനിന്നുപോയികൊണ്ടിരിക്കുന്ന മനുഷ്യന്‍റെ  സര്‍കാത്മ്കതയുടെ ചൂണ്ടു പലകയാണ്. പഴഞ്ചൊല്ലുകള്‍ മനുഷ്യന്‍റെ നിരീക്ഷണപാടവത്തിന്‍റ്റ്റേയും  സര്‍കാത്മകതയുടേയും സമ്മേളനങ്ങളായിരുന്നു. ഒരേ സമയം കാവ്യാത്മകതയും പ്രായോകികതയും അവയില്‍ നിറഞ്ഞു നിന്നു.ചുറ്റുപാടുകളിലും കാണുന്ന സാധാരണമായ ജീവിത കാഴ്ചകള്‍കൊണ്ട് ആഴത്തിലുള്ള ജീവിത പ്പൊരുളുകള്‍, നമ്മുടെ പൂര്‍വികര്‍, നമുക്കു വെളിപ്പെടുത്തിത്തന്നു.ഉപമയായിരുന്നു അതിന്‍റെ രസതന്ത്രം.
  
നമുക്ക് ചില പഴഞ്ചൊല്ലുകള്‍ തന്നെ പരിശോധിച്ചു നോക്കാം. ഉദാഹരണമായി "മുറ്റത്തെ മുല്ലക്ക് മണമില്ല", " എണ്ണിയ പയര്‍ അളക്കണ്ട", "നെയ്യേറിയാല്‍ അപ്പം കേടുവരില്ല", "കാണം വിറ്റും ഓണം ഉണ്ണണം", "വേലി തന്നെ വിളവു തിന്നുക", "ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം","ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം" തുടങ്ങിയവയില്‍ അന്നത്തെ പ്രകൃതിവര്‍ണന, കൃഷി, പാചകം, ഉത്സവങ്ങള്‍, വീടുപകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു ആഴത്തിലുള്ള നിരീക്ഷണം കാണാം.അവ പകരുന്ന 
അര്‍ത്ഥതലങ്ങള്‍ക്കു പുറമെയാണിത്.തന്‍റെ ചുറ്റുപാടുകളോട് ഉണര്‍ന്നിരിക്കുന്ന ഒരു പിന്‍തലമുറകളെക്കൂടി ഇത് സൂചിപ്പിക്കുന്നു.

വായ്ക്കു രുചിയുള്ള ഇത്തരം ശൈലികളും ചൊല്ലുകളും  ഇന്നെവിടെയാണ്? കാലനുസ്രിതമായി അവ അവതരിപ്പിക്കപ്പെടേണ്ടതല്ലേ?.നമ്മുടെ ഇന്ദ്രീയങ്ങളുടെ സംവേദന ശേഷി നഷ്ടപ്പെട്ടുവോ? നന്മക്കായാലും തിന്മക്കായാലും മാറ്റങ്ങള്‍ ഇന്നിവിടെ, ഈ ലോകത്ത്,  നടക്കുന്നുണ്ട്. പരിഷ്കൃതമാണെന്ന് പറയപ്പെടുന്ന ഉപഭോഗവസ്തുക്കളും ജീവിതരീതികളും കൊണ്ട് ഇവിടം സമ്പന്നമാണ്.ഇവയൊന്നും ഏന്തേ ചൊല്ലുകളും ശൈലികളുമായി രൂപാന്തരപ്പെടുന്നില്ല? കാലത്തിനോട് മല്ലിട്ടു വേഗത്തില്‍ കുതിക്കുന്ന നമുക്ക്, നമ്മുടെ ചുറ്റുപാടിനെ അറിയാന്‍ കഴിയുന്നില്ല. ശാരീരികമായും മാനസികമായും ഭാവിയിലേക്ക് ചേക്കേറുന്ന നാം ഇന്നിന്‍റെ ലോകത്തെ കാണുന്നില്ല. ഏതോക്കെയോ ബാഹ്യപ്പ്രേരണകളാല്‍ നാം ഗതി കിട്ടാ പ്രേതങ്ങള്‍ പോലെ അലയുന്നു.കുഞ്ഞായിരുന്നപ്പോള്‍ നമുക്കുണ്ടായിരുന്ന ആ ജിജ്ഞാസ സമൂഹം തല്ലിക്കെടുത്തിയിരിക്കുന്നു. മുന്‍വിധികളില്ലാതെ സ്വതന്ത്രമായി ലോകത്തെ അറിയാനായി നാം ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ഓരോ നിമിഷവും ഓരോ പരീഷണങ്ങളാവുന്നു .അവിടെ തെറ്റുകള്‍ പാപമല്ല മറിച്ച് പാഠമാവുന്നു, അപകടങ്ങള്‍ ശ്രദ്ധ നല്‍കുന്നു.

Saturday, 30 May 2015

അതിഥി - അവിചാരിതമെന്നോണം നമ്മെ തേടിയെത്തുന്ന സന്ദര്‍ശകന്‍

    ഭാരതീയ സങ്കല്പപ്രകാരം, അതിഥികളെന്നാല്‍ തിഥിയില്ലാതെ കടന്നുവരുന്നവര്‍ എന്നാണു അര്‍ത്ഥം. അതായത് മുന്‍കൂട്ടി നിശ്ചയിച്ചല്ലാതെ വന്നു ചേരുന്നവര്‍. അത്തരത്തിലുള്ള ഒരു സങ്കല്പപത്തിലാണ് ഞാന്‍ ഈ ബ്ലോഗ് വിഭാവന ചെയ്തിരിക്കുന്നത്.
    ആരാണു ഇവിടെ അതിഥികള്‍ എന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്.വ്യക്തികള്‍ക്കല്ല നേരേ മറിച്ചു ആശയങ്ങള്‍ക്കാണ് ഇവിടെ  ആതിഥേയത്വം നല്‍കുന്നത്. അതിഥി സങ്കല്പത്തോട് തികച്ചും നീതി പുലര്‍ത്തുന്നവ തന്നെയാണ് ആശയങ്ങള്‍. അവ ഏതോ ഒരു നിമിഷത്തില്‍ നമ്മുടെ മനസ്സിലേക്കു വിരുന്നുകാരായി വന്നെത്തുന്നു.അതും തികച്ചും അപ്രതീക്ഷിതമായി.ഓരോ അതിഥിയും ഒരു അനുഭവം നമുക്കു പ്രദാനംചെയ്യുന്നു. അവ ചിലതു നമ്മോടു സംവദിക്കുന്നു.തന്‍റെ ആഗമനോ‌ദേശം നിര്‍വഹിച്ചശേഷം മടങ്ങുന്നു.ആതിഥേയന്‍ അടുത്ത അതിഥിക്കുള്ള  കാത്തിരിപ്പിലാവുന്നു.ഇത്തരത്തില്‍ മനസ്സിലേക്ക് അതിഥിയായി എത്തുന്ന ഓരോ ആശയങ്ങള്‍ക്കും ഞാന്‍ നല്‍കാന്‍ ഉദേശിക്കുന്ന പരിഗണനയാണ് ഈ ബ്ലോഗ്.
             ഒരു ചിന്തയുടെ ചുവടു പിടിച്ചു ഒരു മറുചിന്ത ഉണ്ടാകുമ്പോള്‍ അത് പുതിയ വാതായനങ്ങള്‍ തുറക്കുന്നു. അത് കൊണ്ടുതന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ തികച്ചും അനിവാര്യമാണ്.നിങ്ങളുടെ ആശയങ്ങളെയും പ്രതികരണങ്ങളെയും തുറന്ന മനസ്സോടെ സഹര്‍ഷം സ്വാഗതം ചെയുന്നു.