തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....




ഒരിയ്ക്കല്‍ ഒരു ഇസ്ലാം മതപ്രഭാഷകന്റെ പ്രസംഗത്തില്‍ നിന്ന് കൗതുകരമായ ചില കാര്യങ്ങള്‍ കേള്‍ക്കാനിടയായി. അദ്ദേഹമാരാണെന്നോ, പ്രസ്തുത വേദിയേതാണെന്നോ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പ്രവാസത്തേക്കുറിച്ച് വളരെ ഹാസ്യാത്മകമായും അതൊടൊപ്പം ചിന്തോദ്ദീപകമായും അദ്ദേഹം സംസാരിയ്ക്കുകയുണ്ടായി. ആ ആശയം ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിയ്ക്കുകയാണ്.

കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍, ഒരു സാധാരണക്കാരന്  അവന്റെ സാമ്പത്തിക ഭദ്രതയും അച്ചടക്കവുമൊക്കെ കൈവരിയ്ക്കാനാവുക പ്രവാസ ജീവിതം ആരംഭിയ്ക്കുന്നതിലൂടെയാണ്. പ്രവാസം ഒരു അവസാന വാക്കല്ലെങ്കിലും അത് ഒരു വലിയ വിഭാഗം ആളുക്കള്‍ക്ക് ജീവിതത്തിന്റെ അത്താണിയായി മാറുന്നുണ്ട്. രാഷ്ട്രീയപരമായും അല്ലാതെയുമുളള പല അനിശ്ചിതാവസ്ഥകള്‍ നിലനിന്നിട്ടും കേരളം ഒരു ദരിദ്ര സംസ്ഥാനമായി മാറാതിരുന്നിട്ടുണ്ടെങ്കില്‍, അതില്‍ സുപ്രധാന പങ്കു വഹിച്ചത് പ്രവാസികള്‍ തന്നെയാണ്. ഒട്ടും സംശയമില്ലാതെ അത് പറയാന്‍ സാധിയ്ക്കും. ഒരു ഭാഗത്ത് കര്‍ഷകരും കൂലിപ്പണിക്കാരും, മറു ഭാഗത്ത് ബാങ്ക് ബാലന്‍സിനുമാത്രം പ്രാധാന്യം നല്‍കുന്ന, ചിലവഴിയ്ക്കാന്‍ മടിയ്ക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ( ഉദ്യോഗസ്ഥരെ പൊതുവെയല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. നാളേയ്ക്ക് കരുതിവെച്ച് ഇന്ന് ജിവിയ്ക്കാന്‍ മറന്നു പോകുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരെയാണ്. തങ്ങളുടെ കയ്യില്‍ കുമിഞ്ഞു കൂടുന്ന പണം ക്രിയാത്മകമായി ചിലവഴിച്ച് സമൂഹത്തിന് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല.) ഇത്തരമൊരു സാഹചര്യത്തില്‍, ഒരു നാട് വളര്‍ച്ച കൈവരിയ്ക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ പ്രവാസികളുടെ ഉദയം. വിശാലമായ ലോകത്തെ കണ്ട അവര്‍ തങ്ങളുടെ പണത്തെ സ്വന്തം കുടുംബത്തിന്റെയും നാടിന്റേയും ഉന്നമനത്തിനായി ഉപയോഗിച്ചു. ഗള്‍ഫ് പണം കൊണ്ട് കോടീശ്വരന്‍മാരിയി നാട്ടില്‍ ഇന്‍വെസ്റ്റ് ചെയ്തവര്‍ ഒട്ടനവധിയാണ്. എം. എ യൂസഫലിയെപ്പോലുളളവര്‍ തന്നെ ദൃഷ്ടാന്തം. 

വലിയ ലോകം അവരുടെ മനസ്സിനെ കൂടുതല്‍ വിശാലമാക്കി. ജീവിതത്തില്‍, തന്റെ സുരക്ഷിത സ്ഥാനം വിട്ട് പരീക്ഷണങ്ങള്‍ നടത്താന്‍ അവന്‍ തയ്യാറായി. സാമൂഹികമായി പല ദുഷ്പ്രവര്‍ത്തികള്‍ക്കും ഗള്‍ഫില്‍ നിന്നുളള പണം ഉപയോഗപ്പടുത്തുന്നുണ്ട് എന്നുളളത് മറ്റൊരു വസ്തുത. ഏതൊരു സാധ്യതയേയും ദുരുപയോഗം ചെയ്യാന്‍ ആളുകള്‍ ഉണ്ടാവുമല്ലോ.. അതിനെ അങ്ങനെയെ കാണേണ്ടതുള്ളു. എന്നിരുന്നാലും പ്രവാസം നമ്മുടെ നാടിനു നല്‍കിയ സംഭാവനകള്‍ വിസ്മരിയ്ക്കാനാവാത്തതു തന്നെയാണ്.

ഇവിടെയാണ് ആ പ്രഭാഷകന്റെ വാക്കുകകളുടെ പ്രസക്തി. ഇനി ആ ഒരു വിഷയത്തിലേയ്ക്ക് വരാം. സാമ്പത്തിക നേട്ടങ്ങള്‍ക്കിടയിലും വീടിന്റേയും കുടുംബത്തിന്റേയും നാടിന്റേയും ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ ഏകാന്തത അനുഭവിയ്ക്കുന്നവരാണ് ഏറിയ പങ്ക് പ്രവാസികളും. കുടുംബം കരകേറാന്‍ ചെറുപ്പത്തിലെ നാടു വിടുന്നവരാണ് മിക്കവാറും പ്രവാസികളും. എന്നാല്‍ സാമ്പത്തികമായി കരകേറിയിട്ടും പലര്‍ക്കും നാട്ടിലേയ്ക്കു തിരിച്ചു വന്നു കുടുംബത്തോടൊത്തു കയറാന്‍ സാധിയ്ക്കുന്നില്ല. ഉദാഹരമമായി പത്ത് വര്‍ഷത്തെ പ്രവാസം കഴിഞ്ഞ് അടുത്ത വര്‍ഷം നാട്ടിലേയ്ക്കു വരണം എന്ന് കണക്കു കൂട്ടുന്ന പ്രവാസിയ്ക്ക് അടുത്തതെന്നല്ല തുടര്‍ന്നൊരു 5 വര്‍ഷം കഴിഞ്ഞു പോലും നാട്ടിലെത്താന്‍ സാധിയ്ക്കുന്നില്ല!. ഇതിന്റെ കാരണം അന്വേഷിച്ച്  അവന്‍ ദൈവത്തിന്റെ മുന്നില്‍ എത്തുന്നു. തുടര്‍ന്നൊരു സംഭാഷണമാണ്.

പ്രവാസി     :   അല്ല ദൈവമെ, നാടും വീടുമൊക്കെ ഞാന്‍ നന്നാക്കി, ഇനി എനിയ്‌ക്കോരു സ്വസ്ഥ ജീവിതം അങ്ങേയ്ക്ക് തന്നുകൂടെ?

ദൈവം  മോനെ പ്രവാസി... ആഗ്രഹമുണ്ട്, പക്ഷേ നിയമം അതിനനുവദിയ്ക്കുന്നില്ല.

പ്രവാസി :     നിയമമോ?

ദൈവം : അതെ നിയമം.  ഒരേ കാര്യത്തില്‍ ഒന്നിലധികം പ്രാര്‍ത്ഥനയുണ്ടെങ്കില്‍, ഭൂരിപക്ഷത്തിന്റെ ഒപ്പം നില്‍ക്കണമെന്നത് ദൈവ രാജ്യത്തെ നിയമമാണ്. ഞാനും അതിനതീതനല്ല.
 
പ്രവാസി     ആയിക്കോട്ട, അതിന് എന്റെ കാര്യം സാധിയ്ക്കുന്നതില്‍ എന്താ നിയമലംഗനത്തിന്റെ പ്രശ്‌നം?

ദൈവം : എന്താ പ്രശ്‌നമെന്നോ? കാര്യം ശരിയാണ് നീ  ദിവസവും എന്നോട് പ്രാര്‍ത്ഥിയ്ക്കാറുണ്ട്, നാട്ടില്‍ സെറ്റിലാകാന്‍ പറ്റണേ എന്ന്്്. പ്രാര്‍ത്ഥനയോടെ ഉയര്‍ത്തിപ്പിടിച്ച നിന്റെ കരങ്ങള്‍ ഞാന്‍ കാണാറുമുണ്ട്. പക്ഷേ, ഇതേ കാര്യത്തില്‍ അവന് എന്നും ഗല്‍ഫില് ജോലി ഉണ്ടാവണെ, നാട്ടില്‍ നിര്‍ത്തല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന പന്ത്രണ്ട് കൈകളാണ് അവിടെ കേരളത്തില്‍ ഞാന്‍ കാണാറ്...! പിന്നെന്ത് ചെയ്യാനാ?

ആ പ്രവാസിയ്ക്ക് കാര്യം മനസ്സിലായി. അയാള്‍ തന്റെ അച്ഛനേയും അമ്മയേയും  ഭാര്യയേയും മക്കളേയുമൊക്ക ആ തരുണത്തില്‍ ഒന്നു സ്മരിച്ചു. ദൈവത്തിന് ആ   മനുഷ്യനില്‍ അല്്പം സഹതാപം തോന്നി.

നര്‍മ്മത്തില്‍ ചാലിച്ചതാണെങ്കിലും ഏറെ ചിന്തിപ്പിയ്ക്കുന്നതാണ് ഈ സംഭാഷണം. ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. കേരളത്തിന്റെ ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമെല്ലാം ഇതിനുളള ദൃഷ്ടാന്തങ്ങളുണ്ട.് കൂടുതല്‍ കാര്യങ്ങള്‍ വായനക്കാരുടെ ചിന്തയ്ക്കായി വിട്ടു നല്‍കികൊണ്ട്. തല്‍ക്കാലത്തേയ്ക്ക് വിട.

Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം