കോരനും ശങ്കരനും......



കോരനും ശങ്കരനും ഒരുമിച്ചു പഠിച്ചവരാണ്. ഏതാണ്ട് ഒരേ പോലത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന അവര്‍ ഒറ്റ സുഹൃത്തുകളുമായിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ രണ്ട് വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തപ്പെട്ടു. നമ്മുടെ 'കുമാരപിളള സാര്‍' പറഞ്ഞ പോലെ അവര്‍ തമ്മിലുളള അന്തര്‍ധാര ശക്തമായിരുന്നില്ല എന്നര്‍ത്ഥം.
കോരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ തനിയ്ക്കു പാരമ്പര്യമായി കിട്ടിയ പലചരക്കു കട നടത്തിപ്പോന്നു.
തന്റെ കച്ചവടത്തെ ചുറ്റിപ്പറ്റി അയാള്‍ കുടുംബം പുലര്‍ത്തി.
എന്നാല്‍ ശങ്കരന്റെ ജീവിതം സംഭവബഹുലമായിരുന്നു.
ചെത്തു തൊഴിലാളിയായിരുന്ന അയാള്‍ പതിയെ രാഷ്ട്രീയത്തിലിറങ്ങി ആ മേഖലയില്‍ പച്ചപിടിച്ചു. പാര്‍ട്ടി ശങ്കരന് ഒരു പ്രശ്‌നമല്ലായിരുന്നു. ഇടതും വലതും നടുക്കുമെല്ലാം അയാള്‍ പ്രവര്‍ത്തിച്ചു. 'പഞ്ചവത്സര ഭരണപദ്ധതി' നില നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ അയാള്‍ ഒരോ അഞ്ചു വര്‍ഷത്തിലും തന്റെ പാര്‍ട്ടി പുതുക്കിക്കൊണ്ടിരുന്നു. പാര്‍ട്ടിയേതായാലും ഭരണം കിട്ടിയാ മതി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ തെങ്ങു കേറ്റം ശങ്കരന്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുകയും ചെയ്തു.
രണ്ടു പേരും അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ രണ്ടായിരത്തി പതിനെട്ടാമാണ്ട് പിറന്നു. കാലം കുറച്ചു കൂടി മുന്നോട്ടു പോയി
ആ-ഗസ്റ്റ് മാസമെത്തി. പേരു പോലെ തന്നെ ആ ഗസ്റ്റ്് വന്നെത്തി - പ്രളയം. നാടുമുഴുവന്‍ വെള്ളത്തിലായി. പ്രകൃതി കലി തുളളിയപ്പോള്‍ പലര്‍ക്കും വീടു നഷ്ടപ്പെട്ടു. നാശ നഷ്ടങ്ങളുണ്ടായി. എല്ലാവരും ദുരിതക്കയത്തിലായി. കേരളം സ്തംഭിച്ചു. അതും നീണ്ട നാളുകള്‍.
കനത്തമഴയിലും വെളളക്കെട്ടിലും കോരന്റെ കടമുറി തകര്‍ന്നു. അതയാളെ വല്ലാതെ വിഷമിപ്പിച്ചു. കൂറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ചില സുമനസ്സുകളുടെ സഹായത്താല്‍ കോരന്‍ തന്റെ കട വീണ്ടെടുത്തു. എങ്കിലും അയാള്‍ക്ക് ഇനിയെല്ലാം ആദ്യം തുടങ്ങണമായിരുന്നു. കോരന്റെ മുന്നില്‍ ജീവിതമങ്ങനെ അനിശ്ചിതമായി നീണ്ടു നിവര്‍ന്നു കിടന്നു.
കച്ചവടം പുനരാരംഭിച്ചു. പക്ഷേ, ഇടിത്തി പോലെ അതാ മറ്റൊരു വാര്‍ത്ത. ഭരിയ്ക്കുന്നവരുടെ പലവിധമായ ദുര്‍നയങ്ങള്‍ക്കെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ഹര്‍ത്താല്‍ സംഘടിപ്പിയ്ക്കുന്നു. ആഴ്ചകള്‍ നീണ്ട കടയടപ്പും പ്രളയം മൂലമുണ്ടായ കടക്കെണിയും കഴിഞ്ഞ് കച്ചവടം പുനരാരംഭിച്ച് ഇന്നേയ്ക്ക് ഒരാഴ്ചയേ ആയിട്ടുളളു. അപ്പോഴിതാ രാഷ്ട്രീയക്കാരുടെ വക വീണ്ടും ഒരു ഇരിട്ടടി. കോരനങ്ങനെ വെറുതെ വിലാപിച്ചിരുന്നു.
അങ്ങനെ ഹര്‍ത്താല്‍ ദിവസം പിറന്നു. തുടര്‍ച്ചയായ ദുരിതപ്പെയ്ത്തില്‍ കോരന്റെ മനസ്സ് കലുഷിതമായി. അയാള്‍ക്കിരിപ്പുറയ്ക്കാതായി.
മനസ്സു തണുപ്പിയ്ക്കാനായി
കവലയിലൊന്നു പോകാമെന്ന് കോരന്‍ തീരുമാനിച്ചു.
ഹര്‍ത്താല്‍ ദിവസമല്ലെ? കവലയില്‍ ശങ്കരന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയായിരുന്നു. തന്റെ പ്രസംഗത്തിലൂടെ അയാള്‍ കയ്യടി വാങ്ങിക്കൊണ്ടിരുന്നു.
കോരന്‍ അല്പനേരം അത് കേട്ടിരുന്നു.
' എന്താണ് ഈ നാടിന്റെ അവസ്ഥ... ഇവിടെ ഒരു ഭരണ കൂടം ഉണ്ടോ...? സ്ത്രീകള്‍ക്കു വഴി നടക്കാന്‍ പറ്റുന്നുണ്ടോ...? പെട്രോള്‍ വില കുതിച്ചുയരുകയല്ലേ...? ദുരിദാശ്വാസ ഫണ്ട് അടിച്ചു മാറ്റുകയല്ലേ...? '
എന്നാല്‍ ഭരിയ്ക്കുന്നത് നമ്മളാണെന്നും പിരിയ്ക്കുന്നത് നമ്മളാണെന്നും കൂട്ടത്തിലൊരാള്‍ പറഞ്ഞപ്പോള്‍ ശങ്കരന്‍ ആ പ്രസ്ഥാവന പിന്‍വലിച്ചു. അയാള്‍ തുടര്‍ന്നു.
' ആലപ്പുഴയ്ക്കു പുഴയുണ്ട്, എന്നാല്‍ എറണാകുളത്തിന് കുളമാണുളളത്. ഇതെന്തനീതിയാണ്...? അമേരിക്കക്കാരന്‍ പ്രസിഡന്റ് അവന്റെ വീടിന് വൈറ്റൗസ് എന്ന് പേരിട്ടിരിയ്ക്കുന്നു. തികഞ്ഞ വര്‍ണ വിവേചനമല്ലെ ഇത്..? അവന്റെ പേരു തന്നെ നോക്കു, 'ട്രംപ് ', ചീട്ടുകളി നിയമ വിരുദ്ധമല്ലെ....? ഇനി വയ്യ... ഇതിനൊക്കെ ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്കു തന്നെയാണ് നമ്മള്‍ ഈ ഹര്‍ത്താല്‍ നടത്തുന്നത്. ട്രംപൊരു പാഠം പഠിയ്ക്കട്ടെ. എല്ലാവരും ഈ ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന്
ഞങ്ങള്‍ വീനീതമായി അഭ്യര്‍ത്ഥിയ്ക്കുന്നു.'
ഇതെല്ലാം കേട്ടു നിന്ന കോരന് ദേഷ്യം സഹിയ്ക്കാനായില്ല... അയാള്‍ ഒരു കല്ലെടുത്ത് ശങ്കരനു നേരെ എറിയാന്‍ ഒരുങ്ങി. പക്ഷേ അപ്പോഴാണ് അയല്‍ക്കാരന്‍ ശശി കോരനോട് ഒരു ചോദ്യം ചോദിച്ചത്്. അതോടെ കോരന്‍ ആ ഉദ്യമത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി.
ശശി ചോദിച്ചു. ''അല്ല കോരാ, അന്റെ കൂട്ടുകാരന്‍ തകര്‍ക്കണ കണ്ടില്ലേ, ഓന്റെ നില ഇപ്പോ എന്താ അല്ലെ....?'
എന്നാല്‍ അതിനുത്തരം കോരനില്‍ നിന്നും അനായാസം ഒഴുകി വന്നു. അതൊരു ഒന്നൊന്നര മറുപടി ആയിരുന്നു.
' ശങ്കരനിപ്പോഴും തെങ്ങുമ്മെ തന്നെ അല്ലാണ്ടെ പിന്നെ എന്താ...'
ശശിയ്ക്കു കാര്യം മനസ്സിലായി. അയാള്‍ പ്രതിവചിച്ചു. ' എല്ലാം ഇമ്മടെ വിധി, എന്നേ
പറയാന്‍ പറ്റൂ...'
അന്ന് രാത്രി അത്താഴത്തിനിരിയ്ക്കുമ്പോള്‍ പതിവു പോലെ ചക്കി കോരന്റെ മുന്നില്‍ കഞ്ഞി വിളമ്പി. എന്നാല്‍ ആ സമയത്ത് കോരന് ഒരു വെളിപാടുണ്ടായി. അയാളൊരു സത്യം മനസ്സിലാക്കി. പണ്ടുമുതല്‍ക്കെ, അയായത് തന്റെ മുതുമുത്തച്ചനും മുത്തച്ചനും അച്ചനും തനിയ്ക്കുമെല്ലാം കഞ്ഞി കുടിയ്ക്കാനുളള വകയെ ഉണ്ടായിട്ടുളളു. നാളെ തന്റെ മകനും കഞ്ഞി തന്നെ കുടിയ്ക്കും. ഒരു പക്ഷേ കുമ്പിളില്‍ നിന്നും പിഞ്ഞാണത്തിലേയ്ക്ക് മാറിയിട്ടുണ്ടാകാം. അല്ലാതെ പ്രത്യേകിച്ച് പകിട്ടൊന്നും ഉണ്ടായിട്ടില്ല. അയാളങ്ങനെ ചിന്താമഗ്നനായി ഉറക്കത്തിലേയ്ക്കു നിലം പതിച്ചു.
ഉറക്കത്തില്‍ അയാള്‍ വിചിത്രമായൊരു സ്വപ്‌നം കണ്ടു. കോരന്റെ വീടിന്റെ അടുത്തുളള ഒരു പറമ്പില്‍ വിവിധ തെങ്ങുകളിലായി ശങ്കരനും അവന്റെ മുതുമുത്തച്ചനും മുത്തച്ചനും അച്ചനും കയറി ഇരിയ്ക്കുന്നു. അവരെല്ലാവരും താഴെ നില്‍ക്കുന്ന കോരനു നേര്‍ക്ക് പല്ലിളിച്ചു കാട്ടുന്നു.
................................
അതെ, ശങ്കരന്മാര്‍ തെങ്ങില്‍ നിന്നു ഒരിക്കലും ഇറങ്ങുന്നില്ല.
അതുപോലെ കോരന്മാര്‍ കഞ്ഞിയല്ലാതെ മറ്റൊന്നും കുടിയ്ക്കുന്നുമില്ല.

Comments

Popular posts from this blog

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

ദൈവത്തിന്റെ കൈയൊപ്പുകള്‍