ഒരു ദുരന്തകഥ...



മഴക്കെടുതിയറിഞ്ഞ് പാതാളത്തില്‍ നിന്ന് ഇത്തിരി നേരത്തെ എത്തിയതായിരുന്നു മാവേലി. അപ്പോഴാണ് കവലയില്‍ വലിയൊരു ബഹളം കേട്ടത്. അവിടെ ചില പാര്‍ട്ടിക്കാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വഴക്കാണ്. കാര്യം അറിയാനായിട്ട് മൂപ്പര് ഇത്തിരി നേരം അവിടെ നിന്നു. ശേഷം സംഭാഷണമാണ്.

പാര്‍ട്ടി 1 : കേരളത്തിലെ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയാക്കാന്‍ ഞങ്ങടെ പാര്‍ട്ടിക്കാര്‍ക്ക് കഴിഞ്ഞു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...

പാര്‍ട്ടി 2 : അതിത്തിരി പുളിയ്ക്കും നിങ്ങളൊരു കോപ്പും ചെയ്തിട്ടില്ല. ഞങ്ങടെ പിള്ളേരില്ലേല്‍ കാണായിരുന്നു. ഞങ്ങടെ പുലിക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍..

പാര്‍ട്ടി 1 : എടോ, ഇത് ഞങ്ങള്‍ ഭരിയ്ക്കുമ്പോ വന്ന ദുരന്താ.. അതുകൊണ്ട് ഇത് ഞങ്ങടെ ദുരന്താ...

പാര്‍ട്ടി 2 : ഹോ, നിങ്ങളു ഭരിയ്ക്കുന്നതേ ഒരു ദുരന്താ...അതില്‍കൂടുതല്‍ എന്ത് ദുരന്തം വരാനാ. സഹോദരാ, കേന്ദ്രത്തില്‍ ഞങ്ങളാ...കേന്ദ്രം അറിയാതെ ഇവിടെ ഒന്നും നടക്കില്ല. അതുകൊണ്ട് ഇത് ഞങ്ങടെ ദുരന്താ...

പാര്‍ട്ടി 1 : അതു ഞങ്ങളും സമ്മതിയ്ക്കാം നിങ്ങടെ പാര്‍ട്ടി ഒരു ഒന്നാന്തരം ദുരന്തം തന്നെയാണ്.

(അതിനിടയ്ക്ക് കേരളത്തിലെ പ്രതിപക്ഷക്കാര്‍ വന്നു.)

പാര്‍ട്ടി 3 : അക്രമ രാഷ്്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയും ആഞ്ഞടിച്ച പ്രകൃതിയുടെ ആത്മരോഷമാണിത്. ഹൈക്കമാന്റും ഇതു തന്നെയാണ് പറയണത്. ഇതും പറഞ്ഞ് അവരുടെ നേതാവ് മറ്റുള്ളവരോട് കണ്ണിറുക്കിക്കാണിച്ചു. പരസ്പരം ആലിംഗനം ചെയ്തു. (അവരുടെ പാര്‍ട്ടി പരസ്പരം അഭിസംഭോദന ചെയ്യുന്ന രീതി ആണിത്.) ഒടുവില്‍ അവസാനത്തെ അടവും അവര്‍ പുറത്തിറക്കി....
' ദുഷ്ഭരണം കാഴ്ച വെച്ച മുഖ്യമന്ത്രി രാജി വെയ്ക്കുക'.

ഇത് കണ്ട മാവേലിയ്ക്ക് സഹിയ്ക്കാനായില്ല. അദ്ദേഹം പറഞ്ഞു.

മാവേലി : അല്ല പാര്‍ട്ടിക്കാരെ, നിങ്ങള്‍ നല്ല ദുരിദാശ്വാസ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷ ഇന്നാട്ടിലെ ധീരരായ മത്സ്യ തൊഴിലാളികളും, സൈന്യവും, ആര്‍ജവമുളള ചെറുപ്പക്കാരും മറ്റു നാട്ടുകാരുമൊക്കെയൊ? അവരെക്കുറിച്ചെന്താ നിങ്ങള്‍ പറയാത്തത്.

എല്ലാ പാര്‍ട്ടിക്കാരുടേയും പ്രതിനിധി എന്നോണം ഒരാള്‍ രഹസ്യമായി മാവേലിയെ വിളിച്ച് കാര്യം പറഞ്ഞു.

പാര്‍ട്ടിക്കാരന്‍ : കാര്യം ശരിയാ... എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനം തന്നെയാണ് സംഗതി വിജയിപ്പിച്ചത്.. എന്നു കരുതി വിട്ടു കൊടുത്താലെ മറ്റുളളവന്മാര്‍ ഇത് വോട്ടാക്കും. അത് ഞങ്ങള്‍ക്ക് സഹിയ്ക്കാനൊക്കില്ല...ഇനി ഇങ്ങനൊരു ദുരന്തമൊക്കെ എന്ന് കിട്ടാനാ..

(ഇതും പറഞ്ഞ് അയാള്‍ ജെയ് വിളിയ്ക്കാന്‍ പോയി)

മാവേലി : ഹോ ഇതിലും ഭേദം മഴയായിരുന്നു......

മാവേലി നടന്ന് നീങ്ങി... പശ്ചാത്തലത്തില്‍ ഒരു മനുഷ്യന്‍ മറ്റുളളവരെ ബോട്ടില്‍ കയറ്റാന്‍ ആളുകള്‍ക്ക് ചവിട്ടു പടിയായി നില്‍ക്കുന്ന കാഴ്ച ദൃശ്യമായി.

(കുറിപ്പ് : ദുരന്ത നിവാരണത്തില്‍ അഹോരാത്രം ഏര്‍പ്പെട്ട രാഷ്ട്രീയക്കാരെയല്ല മറിച്ച് ദുരന്തം മുതലെടുക്കാന്‍ ശ്രമിയ്ക്കുന്നവരെയാണ് ഇവിടെ പ്രദിപാതിച്ചതെന്ന് പ്രത്യേകം പറയുന്നു.)

Comments

Popular posts from this blog

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

ദൈവത്തിന്റെ കൈയൊപ്പുകള്‍