എന്താണ് ഹിന്ദുവിന്റെ അപജയത്തിന് കാരണം?





നമ്മുടെ രാഷ്ട്രീയ പ്രമുഖരും സംസ്‌കാരിക നായകരും ഇന്ന് വളരെയധികം പ്രതിപാതിയ്ക്കുന്ന ഒരു വാക്കാണ് "മതേതരത്വം'. ഒരു പക്ഷേ വളരെയധികം കയ്യടി നേടാനും നല്ലൊരു പ്രതിശ്ചായ കെട്ടിപ്പടുക്കാനുമെല്ലാം അത് അവരെ സഹായിക്കുന്നുണ്ടായിരിയ്ക്കാം. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയാല്‍ സംഗതി വളരെ ഗുണമുളള കാര്യം തന്നെയാണ്. സത്യത്തില്‍, എന്താണ് ഒരു മതേതര രാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്?  മതങ്ങള്‍ക്കെതിരായ ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതല്ല അതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മറിച്ച്, എല്ലാ മതങ്ങള്‍ക്കും അവരവരുടെ വിശ്വാസം പിന്തുടരാനുളള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലെങ്കില്‍ അതായിരിയ്ക്കണം അതിന്റെ ലക്ഷ്യം.

ഒരു യുക്തിവാദിയ്ക്ക് അവന്റെ "യുക്തിവാദ മതം' പിന്‍തുടരാവുന്നതു പോലെ മറ്റു മതക്കാര്‍ക്കും അതിന് സാധിയ്ക്കണം. അതാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്ര. ശരിയ്ക്കും എല്ലാം മതങ്ങള്‍ തന്നെയാണ്. ഈശ്വരോന്മുഥമായ മതങ്ങള്‍ അവരുടെ വിശ്വാസ പ്രമാണങ്ങള്‍ പിന്‍തുടരുമ്പോള്‍ മറ്റു 'ഇസങ്ങളെ' മുറുകെപ്പിടിയ്ക്കുന്നവര്‍ തങ്ങളുടെ ആദര്‍ശങ്ങളെ മാറോടണയ്ക്കുന്നു. ഈശ്വരവിശ്വാസികളെ സോഷ്യലിസ്റ്റുകളും പുരോഗമന വാദികളും സങ്കുചിതരുമെന്ന് കുറ്റപ്പെടുത്തുന്ന ഒരു കാലഘട്ടം കൂടിയാണിത്. "അസഹിഷ്ണുത' എന്ന പ്രയോഗം തന്നെ ഇതിനായി ഉരുത്തിരിഞ്ഞു വന്ന ഒന്നാണ്. സ്വന്തം വിശ്വാസം വ്രണപ്പെടുമ്പോള്‍ ആരും പ്രതികരിയ്ക്കും. അതിനെ "വര്‍ഗ്ഗീയതയായി' കാണേണ്ട ആവശുമുണ്ടോ? മറ്റുളളവരെ ഉപദ്രവിച്ചുകൊണ്ടുളള പ്രതികരണങ്ങളെ മാത്രമെ തെറ്റായി കണക്കാക്കേണ്ടതുളളു.
  
      എ.കെ.ജിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് വി.ടി ബല്‍റാമിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ ശക്തമായി പ്രതികരിച്ചത് ഇത്തരുണത്തില്‍ ഓര്‍ത്തു പോകുകയാണ്. അവനവന്റെ വിശ്വാസം വ്രണപ്പെടുമ്പോള്‍ ആരും പ്രതികരിയ്ക്കും എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. അതുകൊണ്ട്, ആ ഒരു വിശാലതയൊന്നും ആരും കൈവരിച്ചിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. 

ഈശ്വരോന്മുഖവും അല്ലാത്തതുമായ വിശ്വാസങ്ങളെ സംബന്ധിച്ചുളള ആശയ സംവാദങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനല്ല ഈ ലേഖനം ഉദ്യമിയ്ക്കുന്നത്. മറിച്ച് ഇതിലെ "ഇരട്ടത്താപ്പ്' വെളുപ്പെടുത്താനാണ്. സ്വന്തം വിശ്വാസ പ്രമാണങ്ങളും അത് അനുശാസിയ്ക്കുന്ന ആചാരങ്ങളേയും പിന്‍തുടരാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ സ്വാതന്ത്രമുണ്ടായിരിയ്ക്കണം. സോഷ്യലിസ്റ്റ്, പുരോഗമന പ്രസ്ഥാനങ്ങളുടെ മതേതരബോധം പലപ്പോഴും ഹിന്ദു മതവിശ്വാസങ്ങളുടെ മേലുളള കടന്നുകയറ്റമായിമാറുന്നു എന്നുളളത് ഏറെ ഖേദകരമായ ഒരു വസ്തുതയാണ്. കേവലം വോട്ടിങ്ങിന്റേയും തങ്ങളുടെ നിലനില്പിന്റേയും അടിസ്ഥാനത്തിലാണ് ഈ കാപട്യം അരങ്ങേറുന്നത്. ആര്‍ക്കും കുതിരകേറാനുളള ഒരു വസ്തുവായി ഹിന്ദു മതം മാറിയിരിയ്ക്കുന്നു. ഗോ സംരക്ഷണത്തിനായും ബീഫ് തീറ്റയ്‌ക്കെതിരെയുളള ഒരു മുറവിളിയായും ഈ ലേഖനത്തെ തരം താഴ്ത്തരുത് എന്ന് ഈ അവസരത്തില്‍ പ്രത്യേകം പറയുകയാണ്. കാരണം സനാതന ധര്‍മ്മം അതിനും എത്രയോ അപ്പുറമാണ്. പ്രപഞ്ചത്തിനെ മുഴുവന്‍ ഈശ്വരനായി കാണാനും ലോകത്തിന്റെ മുഴുവന്‍ സുഖത്തിനായി പ്രവര്‍ത്തിയ്ക്കാനും ആഹ്വാനം ചെയ്ത ഒരു മതമാണ് ഹിന്ദുമതം. അതിനെ സങ്കുചിതമായി ചിത്രീകരിയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.

ഇന്ന് ഒരു ഹിന്ദു അവന്റെ മതത്തിന് വേണ്ടി സംസാരിച്ചാല്‍ അവന്‍ വര്‍ഗ്ഗീയവാദിയാണ്. സര്‍വ്വോപരി ' സങ്കിയാകുന്നു'. അതുകൊണ്ട് തന്നെ അവന്റെ അമ്മയും പെങ്ങളും അമ്പലത്തില്‍ പോകുന്നത് പൂജാരിയുടെ സ്വകാര്യ ഭാഗങ്ങള്‍ കാണാനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ നിശബ്ദനായിരിയ്ക്കണം. അതോരലിഖിത നിയമമാണിന്ന്. അവന്റെ ദൈവ സങ്കല്‍പ്പങ്ങളെ, പ്രത്യേകിച്ച് ദേവതകളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരെങ്കിലും നഗ്നമായി ചിത്രീകരിച്ചാല്‍ അത് ഉദാത്തമായ കലയായി മാറുന്നു. അയാള്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുന്നു. അവന്റെ വേദ പുസ്തകങ്ങള്‍ അന്തവിശ്വാസമെന്ന് പറഞ്ഞ് അവര്‍ കത്തിയ്ക്കുന്നു. ഇങ്ങനെ പോകുന്നു മതേതര ഇന്ത്യയുടെ വിശേഷങ്ങള്‍.

എന്തുകൊണ്ടാണ് ഇവിടുത്തെ പുരോഗമന വാദികള്‍ മറ്റു മതങ്ങളെ ഒരു പരിധി കഴിഞ്ഞ് വിമര്‍ശിയ്ക്കാത്തത്? കാരണം മറ്റൊന്നുമല്ല, അവര്‍ ശക്തമായി പ്രതികരിയ്ക്കുന്നു എന്നതു തന്നെ കാരണം. പലപ്പോഴും പ്രതികരണങ്ങള്‍ അതിരുകടക്കാറുമുണ്ട് എന്നുളളത് മറ്റൊരു വസ്തുത. അധ്യാപകന്റെ കൈവെട്ടുന്ന തരത്തിലുളള പ്രതികരണമല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. എങ്കിലും സ്വന്തം വിശ്വാസങ്ങളെ അനാവശ്യമായി മുറിപ്പെടുത്തുമ്പോള്‍ മുസഌം, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ കാണിയ്ക്കുന്ന ആര്‍ജവം അഭിനന്ദനാര്‍ഹം തന്നെയാണ്. ആ ഒരു ഒത്തൊരുമയും ശക്തിയുമാണ് അധിക്ഷേപിയ്ക്കുന്നവരെ പിന്തിരിപ്പിയ്ക്കുന്നത്. വെറും വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിലും പൊതുസമൂഹത്തില്‍ തങ്ങളുടെ കപട മതേതരത്വം സംരക്ഷിയ്ക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയും മാറി മാറി വരുന്ന ഇടതു വലത്് ഗവണ്‍മെന്റുകള്‍ ഇതിന് ഒത്താശ പാടുന്നു.

വ്യസനും, വാല്‍മീകയും, ശങ്കരനും, വിവേകാനന്ദനും, നേതാജിയും, ഗാന്ധിജിയും, ചിന്മയാനന്ദ സ്വാമികളുമെല്ലാം മുറുകെപ്പിടിച്ച മതമാണ് സനാധന ധര്‍മ്മം. വൈജ്ഞാനികവും സാമ്പത്തികവുമായി ഭാരതത്തത്തെ അത്യധികം ഉന്നതിയില്‍ എത്തിച്ച ഒരു മതമാണ് ഹിന്ദുമതം. പൗരാണിക ഭാരതത്തില്‍ നടന്ന അധിനിവേശങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്. ദരിദ്ര രാജ്യങ്ങളെ ആരും കൊള്ളയടിയ്ക്കില്ലല്ലോ? ഇവിടുത്തെ സമ്പത്ത് കണ്ട് ആകൃഷ്ടരായിത്തന്നെയാണ് അവര്‍ ഇവിടെ വന്നതും കൊള്ളയടിച്ചതും. അത്ര ഉജ്ജ്വലമാണ് സനാധന ധര്‍മ്മം.

പിന്നെന്താണ് ഹിന്ദു മതത്തിന്റെ ഈ അപജയത്തിന് കാരണം. ഉത്തരം ലളിതമാണ്. ഹിന്ദുക്കള്‍ വിദേശാധിപത്യത്തിന്റെ പരിണിതഫലങ്ങളായ കാമ്പില്ലാത്ത പരിഷ്‌കാരങ്ങളുടെ പുറകെ പോയി. എന്ന് സ്വന്തം സംസ്‌കാരം അവന്‍ ഉപേക്ഷിച്ചുവോ അന്ന് അവന്‍ നശിച്ചു തുടങ്ങി. ബ്രാഹ്മണാധിപത്യത്തിന്റെ ആക്കവും തുടര്‍ന്ന് വന്ന കമ്മ്യൂണിസത്തിന്റെ അതിപ്രസരണവും വീഴ്ചയുടെ ആഘാതം കൂട്ടി. കപടമതേതരത്വത്തിന്റെ പേരിലും വര്‍ഗ്ഗീയ വാദിയായി മുദ്രകുത്തപ്പെടുമോ എന്ന് ഭയന്നും പലരും ഇന്ന് ശബ്ദിയ്ക്കുന്നില്ല. ഈ കാപട്യം വെടിയേണ്ട കാലം അതിക്രമിച്ചു. എന്തിനാണ് ഈ ഹിപ്പോക്രസി?

ഈ പശ്ചാത്തലത്തിലാണ് ശബരിമലയെ സംബന്ധിച്ച വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. നാനാവിധക്കാരായ മനുഷ്യരുടെ ഉന്നമനതത്തെ മുന്‍നിര്‍ത്തിയാണ് വ്യത്യസ്തങ്ങളായ ദൈവ സംങ്കല്‍പ്പങ്ങളും ആചാര അനുഷ്ടാനങ്ങളും ഹിന്ദു മതം വിഭാവനം ചെയ്തിട്ടുളളത്. എല്ലാം എല്ലാവര്‍ക്കും അനുയോജ്യമായിട്ടുളളവയല്ല. വിശപ്പ് എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും അതിന് പരിഹാരം കാണേണ്ടത് അവനവനു യോജിച്ചതും ഇഷ്ടമുളളതുമായ ഭക്ഷണത്തിലൂടെയാണ് എന്നുളളതുപോലെയാണിതും. വ്യത്യസ്തരായ മനുഷ്യര്‍്ക്ക് ഏകതാനമായ ഒരു അനുഷ്ടാനവും ആചാരവും ഉന്നതിയ്ക്കുതകില്ല എന്നത് ക്രാന്തദര്‍ശികളായ മഹര്‍ഷീശ്വരന്‍മാര്‍ക്ക് നേരത്ത അറിയാമായിരുന്നു. അത് അവരുടെ കാഴ്ചപ്പാടിലെ വിശാലതയും മഹത്വവും വ്യക്തമാക്കുന്നു. ഇവിടെയാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നതിന്റെ സാങ്കത്യം. നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്റെ സങ്കല്‍പ്പം യവനയുക്തകളായ സ്ത്രീകള്‍ക്കുളളതല്ല എന്നതാണ് സത്യം. 10 വയസ്സിനു താഴെയുളളതും 50 വയസ്സിനുമുകളുലുളളതുമായ സ്്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടുതാനും. സ്ത്രീകള്‍ക്കു മാത്രമായി ആറ്റുകാല്‍ പൊങ്കാല വിഭാവനം ചെയ്തതും ഇതേ ഹിന്ദു മതമാണെന്ന് ഓര്‍ക്കണം. അതുകൊണ്ടു തന്നെ ശബരിമലയും ഹിന്ദുമതവും സ്ത്രീവിരുദ്ധമല്ല എന്ന് അനായാസം പറയാനാകും. രാഹുല്‍ ഈശ്വറിനെ പോലുളള ചെറുപ്പക്കാരുടെ ശബരിമല വിഷയത്തിലുളള നിലപാടുകള്‍ തികച്ചും ശ്ലാഘനീയം തന്നെയാണെന്ന് പറയാതെ വയ്യ.

എന്തിനാണ് ഹിന്ദുമതം ഉണരേണ്ടത്്? അത് മറ്റു മതക്കാരെ കരിവാരിത്തേയ്ക്കാനല്ല. മറിച്ച്്, മഹത്തരമായ ആ സംസ്‌കാരത്തെ നിലനിര്‍ത്താനാണ്. അതിലൂടെ നാളത്തെ വളര്‍ന്നു വരുന്ന തലമുറകളെ ശാക്തീകരിയ്ക്കാനാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനായി വാദിയ്്ക്കുന്നത്് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകളല്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത. വിശ്വാസത്തിന്റെ ഊക്കുകൊണ്ടും സാമ്പത്തിക ശേഷികൊണ്ടും ഹിന്ദുക്കരുടെ പ്രധാന ശക്തി സ്രോതസ്സുകള്ിലൊന്നാണ് ശബരിമല. അതിനെ തകര്‍ക്കുക എന്നതാണ് ഇതിനു പിന്നിലുളളവരുടെ ലക്ഷ്യം. ഇത് ക്രമേണ ഗുരുവായൂര്‍ അടക്കമുളള ക്ഷേത്രങ്ങളേയും ബാധിയ്ക്കാം. ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ നെടുന്തൂണാണ് ക്ഷേത്രങ്ങള്‍. അവയുടെ നാശം ഈ സംസ്‌കാരത്തിന്റെ തന്നെ സര്‍വനാശത്തിലേയ്ക്കു വഴിതെളിച്ചേയ്ക്കാം. ഹിന്ദുക്കളെ വിഘടിപ്പിച്ച് സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിയ്ക്കാം എന്ന ഗൂഢ ശക്തികളുടെ ലക്ഷ്യത്തെ ചെറുക്കാന്‍ ഒരോ ഹിന്ദുവും പ്രതികരിയ്ക്കണം. അതിനാണ് ഹിന്ദു ഉണരേണ്ടത്. ഈ ആര്‍ഷ സംസ്്കാരത്തിന്റെ സംരക്ഷകരായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിയ്ക്കാം. 



Comments

Popular posts from this blog

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

ദൈവത്തിന്റെ കൈയൊപ്പുകള്‍